റാന്നി: ഇട്ടിയപ്പാറ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. വർഷങ്ങളായി അവഗണനയിൽ കഴിയുന്ന ബസ് സ്റ്റേഷന് പ്രളയം കൂനിന്മേൽ കുരു പോലെയായി. 2018ലെ പ്രളയത്തിൽ ഏറെ ദുരിതം നേരിട്ട സ്ഥലമാണ് ബസ് സ്റ്റേഷൻ. വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിൽ പിന്നീട് ഇതേവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയില്ല.
ഗാരേജിലുൾപ്പെടെ വെള്ളം കയറി മാലിന്യങ്ങൾ കുമിഞ്ഞുകൂടി. ഇതിനൊപ്പമാണ് നിലവിൽ മലിനജലം കെട്ടിക്കിടക്കുന്നത്. സമീപ പുരയിടങ്ങളിൽ വെള്ളക്കെട്ടായതിനാൽ വെള്ളമൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാരേജിൽ നിന്നും ടയറുകൾ ഉൾപ്പെടെ ഒഴുകിപ്പോയിരുന്നു. ജീവനക്കാർ തന്നെ ഇവ സമീപ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്: ഡി.കെ. ജോൺ
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ദുരന്ത മുഖത്തുനിന്ന് നേട്ടം കൊയ്യാൻ ആരും ശ്രമിക്കരുതെന്നും കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. എല്ലാവിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കുന്ന കാലഘട്ടത്തിൽ മുഖംനോക്കാതെയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നത്. ഇതിനെ പിന്തുണയ്ക്കാൻ എല്ലാവരും തയാറാകുകയാണ് വേണ്ടത്. ദുരിതാശ്വാസ മേഖലകളിൽ സഹായം എത്തിക്കാനും വീടുകൾ ശുചിയാക്കാനും കൂടുതൽ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും പാർട്ടി പ്രവർത്തകരടക്കം ഇതിനു തയാറാകണമെന്നും ഡി.കെ. ജോൺ ആവശ്യപ്പെട്ടു.